+91 7510554263 | kothakulangarabhagavathytemple@gmail.com

Temple

Home

Temple

Temple History

ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിൻ്റെ നഗരപരിധിയിൽപ്പെട്ട പാലുവായ് ദേശത്താണ് നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ശ്രീ കോതകുളങ്ങര ഭഗവതി ക്ഷേത്രം ദേശവാസികളിൽ അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് കുടികൊള്ളുന്ന ദേവി എട്ട് ദേശങ്ങളുടെ അധിദേവതയാണ്.

പരമ സാത്വകനായ ഒരു പരദേശി ഭക്തൻ്റെ ഉപാസനാമൂർത്തിയായ ദേവി, ആ ഭക്തൻ തീർത്ഥാടനത്തിനിറങ്ങിയപ്പോൾ ഒപ്പം കൂടി. ഭക്തൻ്റെ കുടയുടെ പുറത്തായിരുന്നു ദേവിയുടെ സാനിദ്ധ്യം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് തെക്കേ ദിശയിലേക്ക് നടന്ന ഭക്തൻ പാലുവയിൽ എത്തി. അവിടെ കണ്ട നിർമ്മലമായ ജലാശയത്തിൽ കുളിച്ച് ക്ഷീണം തീർത്ത് യാത്ര തുടരാമെന്ന് കരുതി. കുടയും വസ്ത്രങ്ങളും താഴെ വെച്ച് കുളിക്കാനിറങ്ങി.

കുളികഴിഞ്ഞ് വസ്ത്രങ്ങൾ ധരിച്ച് കുടയെടുക്കാൻ ശ്രമിച്ചപ്പോൾ എടുക്കാൻ കഴിയുന്നില്ല. എത്ര ശ്രമിച്ചിട്ടും കുടയെടുക്കാനാവാതെ വന്നപ്പോൾ അത്ഭുത സ്തബ്ധനായ അയാളുടെ മനസ്സിൽ ദേവിയുടെ അഭീഷ്ടം തെളിഞ്ഞുവന്നു. ദേവി അവിടെനിന്ന് പോകുവാൻ ആഗ്രഹിക്കുന്നില്ല. അവിടെത്തന്നെ സ്ഥിരം സാന്നിധ്യം ചെയ്യുവാൻ ആഗ്രഹിക്കുന്നു.

ദേവിയുടെ അഭീഷ്ടമറിഞ്ഞ ഭക്തൻ, അവിടെ ചെറിയൊരു ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തി, കഴിയുന്നത്ര കാലം ദേവിയെ സേവിച്ച് കഴിഞ്ഞു.ഈ സംഭവത്തിൻ്റെ സ്മരണക്കായി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് "കുടകുത്തൽ" എന്നൊരുചടങ്ങ് ഇന്നും നടന്നുവരുന്നു. മുല്ലപ്പുഴക്കൽ തറവാട്ടുകാരാണ് ഈ ആചാരം തുടർന്ന് പോരുന്നത്. കാലാന്തരത്തിൽ ഉടമസ്ഥാവകാശം പുന്നത്തൂർ രാജകുടുംബത്തിലേക്ക് ചെന്ന് ചേർന്നു. നൂറ്റാണ്ടുകൾക്കുശേഷം പുന്നത്തൂർ രാജകുടുംബത്തിൻ്റെ പ്രതാപം അസ്തമിച്ചപ്പോൾ ക്ഷേത്രഭരണം നാട്ടുകാർ ഏറ്റെടുത്തു. ഇന്ന് നാട്ടുകാരുടെ കമ്മറ്റി ക്ഷേത്രത്തെ നല്ലരീതിയിൽ സംരക്ഷിക്കുന്നു. നൂറ്റാണ്ടുകളുടെ പഴക്കംകൊണ്ട് ജീർണ്ണാവസ്ഥയിലായ ക്ഷേത്രം പുനരുദ്ധരിക്കാനുള്ള തീരുമാനപ്രകാരം 1996 സെപ്‌തംബറിൽ അഷ്ടമംഗലപ്രശ്നം നടത്തി. വിധിപ്രകാരമുള്ള എല്ലാ കാര്യങ്ങളും പൂർത്തിയാക്കി 1997 ആഗസ്റ്റിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 2000 മാർച്ചിൽ പുനഃപ്രതിഷ്ഠ നടത്തി.

കുംഭമാസത്തിലെ ഭരണി നാളിൽ മേലെക്കാവിലും കാർത്തികനാളിൽ താഴെക്കാവിലും പൂരം ആഘോഷിക്കുന്നു. ഭരണിനാളിൽ രാത്രി പുലരുവോളം ക്ഷേത്ര സന്നിധിയിൽ പ്രേത്യേകം നിശ്ചയിക്കപ്പെട്ട പത്ത് കളിത്തട്ടുകളിൽ ഐവർക്കളിയും കോൽക്കളിയും അരങ്ങേറുന്നു. എട്ട് ദേശങ്ങളിലായി പത്ത് സമുദായങ്ങളിലെ നിശ്ചയിക്കപ്പെടുന്ന വീടുകളിൽ വ്രതാനുഷ്ഠാനങ്ങളോടെ പന്തൽ കെട്ടി പൂജ നടത്തി ഐവർക്കളിയും കോൽക്കളിയും പരിശീലിപ്പിക്കുകയും കുംഭഭരണി ദിവസം ആയിരക്കണക്കിന് താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ അനുഷ്ഠാന കലാരൂപം ഒരു അപൂർവ്വ വിസ്മയ കാഴ്ചയാണ്. നാശോന്മുഖമായികൊണ്ടിരിക്കുന്ന ഐവർക്കളി, അതിൻ്റെ തനിമയോടെ നിലനിർത്തുന്നതിൽ ഈ ക്ഷേത്രം വലിയ പങ്കുവഹിക്കുന്നു. കാർത്തിക നാളിൽ താഴെക്കാവിൽ അണിനിരക്കുന്ന നൂറുകണക്കിന് കാളി, കരിങ്കാളി വേഷങ്ങളും തിറ, പൂതൻ, കാള, കുതിര, എഴുന്നള്ളിപ്പുകളും ജനങ്ങളുടെ മനംനിറക്കുന്ന അസുലഭ കാഴ്ചകളാണ്. മുല്ലപ്പുഴക്കൽ തറവാട്ടുകാരാണ് ഇതിന് നേതൃത്വം നൽകുന്നത്. വിവിധ ദേശക്കാരുടേതായി നിരവധി സബ്കമ്മറ്റികൾ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.